പര്‍വ്വതീകരണം എന്നൊരു സംഭവം ഇല്ലേ? അതായത് കുന്നിക്കുരുവിനോളം പോന്ന ഒരു കാര്യത്തെ ഡൈനസോറിനെ പോലെ വര്‍ണ്ണിക്കണ ചിലരുണ്ട്. വേറേ പ്രത്യേകിച്ചൊരു കുഴപ്പവും ഇല്ലെങ്കിലും വാവച്ചന്റെ ആകെയുള്ള ഒരു കുഴപ്പം ഇതായിരുന്നു. ദൈവം സഹായിച്ച് വാവച്ചന് ഒരു പണിയ്ക്കും പോകില്ല. പകരം ഭാര്യ കൊച്ചന്ന കൂലിപ്പണിയെടുത്ത് വാവച്ചനേയും തങ്കക്കുടം പോലെയുള്ള രണ്ട് കൊച്ചുങ്ങളേയും പുലര്‍ത്തി പോന്നു. പ്രത്യേകിച്ച് ദുശീലംസ് ലൈക് കള്‍സ്, കഞ്ചാവ്, ബീഡി,പരസ്ത്രീ ഗമനം എന്നീ ഐറ്റംസ് ഒന്നും ഇല്ലാത്തതിനാല്‍ കൊച്ചന്ന ചേച്ചിയ്ക്ക് വാവച്ചനെ കൊണ്ട് വേറേ ഒരു ദൂഷ്യവും ഇല്ല. പണിയെടുക്കില്ല, പിന്നെ കുഴിയാനയെ കണ്ടാല്‍ കൊലകൊമ്പനാന ആണെന്ന് പറയും അത്രെയേ ഉള്ളോ.
പക്ഷേ “പറഞ്ഞ് ആളെ കൊല്ലിക്കും” എന്ന് കേട്ടിട്ടുണ്ടോ? ഇല്ലേ? എങ്കില്‍ കേള്‍ക്കൂ.
പെടപ്പന്‍ ബെന്നിയെ അറിയില്ലെ? അതേന്നേ 110 കിലോമീറ്റര്‍ സ്പീഡില്‍ കുറയാതെ ബൈക്ക് ഓടിക്കാന്‍ അറിയാത്ത ബെന്നി എന്ന സസ്യശ്യാമളകോമളന്. ബെന്നി ഓടിക്കണ ബൈക്കിന്റെ കളറേത്, കമ്പനിയേത് എന്നൊന്നും ആള്‍ക്കാര്‍ക്ക് അറിയാമായിരുന്നില്ല. കാരണം ടര്ര്റ്..റ്ര് എന്നൊരു ശബ്ദവും എതാണ്ടൊരു സാധനം കണ്ണിന്റെ മുന്നീക്കൂടെ മറയണതും മാത്രമേ നാട്ടുകാര്‍ കണ്ടിട്ടുള്ളു. ബെന്നിയുടെ അനിയന് സോജന് പറയുന്നത് കേട്ടാണ് അത് സ്പ്ലെന്‍ഡര്‍ എന്ന ബൈക്ക് ആണെന്നും, ചുവപ്പ് കളറാണെന്നും നാട്ടുകാര്‍ അറിയണത്. വല്ലപ്പോളും അത് സെര്‍വീസ് ചെയ്യണ മെക്കാനിക്ക് പപ്പേട്ടനും, പെട്രൊള്‍ പമ്പിലെ വേണുവും അല്ലാതെ ഒറ്റമനുഷ്യക്കുഞ്ഞ് പോലും ബെന്നിയേയും, ബൈക്കിനേയും ഒരുമിച്ച് നിശ്ചലമായോ, വേഗത കുറഞ്ഞോ കണ്ടിട്ടില്ല. മനുഷ്യരാണെങ്കില്‍ ആ സെലന്‍സര്‍ ഇല്ലാത്ത ആ ബൈക്കിന്റെ ശബ്ദം കേട്ടാല്‍ റോഡരുകില്‍ പുഴു അരിയ്ക്കണ വെള്ളം ഉള്ള കാന ആയാലും അതിലിറങ്ങി നില്ക്കും. അത്കൊണ്ട് റോഡില്‍ വട്ടം ചാടണ ആട്, മാട് എന്നിവയെ ഇടിച്ച്കൊന്ന് ബെന്നിയും, അതിന്റെ ഒക്കെ കാശടച്ച് ദുബായിലുള്ള അവന്റെ അപ്പച്ചനും, നാട്ടാരുടേ പ്രാക്ക് കേട്ട് അവന്റെ അമ്മച്ചിയും, ബെന്നി ഇടിച്ച് വീഴ്ത്തിയ മൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് കാശ് സെറ്റില്‍ ചെയ്ത് അതിന്റെ ഇറച്ചി തിന്ന് അനിയന് സോജനും സന്തോഷപൂര്‍വം ജീവിച്ച് പോന്നു. ബെന്നിയെ ബൈക്ക് ഓടിപ്പിക്കാന് പഠിപ്പിച്ചു , സ്വന്തം മകളെ കുടിയനായ സതീശന് കല്യാണം കഴിപ്പിച്ച് കൊടുത്തു എന്നീ രണ്ട് തെറ്റുകളേ താന്‍ ജീവിതത്തില്‍ അറിഞ്ഞൊണ്ട് ചെയ്തിട്ടൊള്ളോ എന്നാണ് മെക്കാനിക്ക് പപ്പേട്ടന്റെ ആത്മഗതം.
സംഗതി വിദ്യഭ്യാസം ഇത്തിരി കുറവാണെങ്കിലും കമ്പ്യൂട്ടറ് പഠിച്ചെങ്കിലും ചെക്കന് ഒന്ന് നന്നാകട്ടെ എന്ന് കരുതിയാണ് അപ്പച്ചന് ബെന്നിയ്ക്ക്ക് ഒരു കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തത്. കമ്പൂട്ടറ് കൊണ്ട് ബെന്നിയ്ക്ക് ഒരേഒരു ഉപകാരമേ തൊന്നിയിട്ടുള്ളൂ റോഡാഷ് എന്ന് ബെന്നി ഓമനപ്പേരിട്ട് വിളിക്കുന്ന റോഡ്-റാഷ് എന്ന ഗെയിം കളിക്കാം, അത് വഴി പിറ്റേന്ന് ബൈക്കില്‍ കാണിക്കേണ്ട വളവ്-തിരിവ്-ചെപ്പാമ്പടി അഭ്യാസങ്ങള്‍ പ്ലാന്‍ ചെയ്യാം. നല്ല സെറ്റപ്പ് ആയ ഗെയിം. റൊഡാഷിലുള്ള സകല മുത്തിരിപ്പന്-മുച്ചീര്‍പ്പന്‍ വേലകളും ബെന്നി അഭ്യസിച്ചെങ്കിലും അതിലൊരു പ്രത്യേക ഐറ്റം ഉണ്ട്. ബൈക്കോടിക്കുമ്പോള്‍ തൊട്ടടുത്തൂടെ പോകണ ആള്‍ക്കാരെ വേണേല്‍ കാല് കൊണ്ട് തൊഴിക്കാം. ഈ സംഭവം മാത്രം ബെന്നി പരീക്ഷിച്ചിട്ടില്ലായിരുന്നു. ഡോണ്ട് വറീ, എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട് ബെന്നീ, കൂള്‍ ഡൌണ്‍.
ബെന്നിയുടെ സ്വന്തം അമ്മാവന്റെ വീടുപാര്പ്പിന്റെ അന്നായിരുന്നു ആ സംഭവം. വീടുപാര്പ്പുമായി ബന്ധപ്പെട്ട് വെള്ളമടിയും, ബിരിയാണി സദ്യയും ഒക്കെ നടക്കുന്നു. അമ്മാവന് അറിയാതെ രണ്ടും, അമ്മാവന് തന്ന വകയില്‍ മൂന്നും പെഗ് കഴിച്ച് ബെന്നി ഫുഡടി എന്ന ഐറ്റത്തിലേയ്ക്ക് കടക്കുമ്പോള്‍ ആണ് ഇടിവെട്ടിയ മൂര്‍ഖന്‍പാമ്പിന്റെ വാലില്‍ പട്ടി കടിച്ചു എന്നതു പോലെയുള്ള ആ വാര്‍ത്ത ബെന്നി കേട്ടത്. ബിരിയാണിക്കൊപ്പം വിളമ്പിയിരുന്ന കച്ചംബര്‍(ഇത് തപ്പി വിക്കിപീഡിയയില്‍ പോകേണ്ട, തൈരില്‍ സവാള അരിഞ്ഞിട്ട ആ സാദനം തന്നെ) തീര്‍ന്നിരിക്കുന്നു. പെഗ് തന്ന അമ്മാവനോടുള്ള കടപ്പാട് ബെന്നിയുടെ ഉള്ളില്‍ തെളച്ച് മറിച്ച് കവിഞ്ഞു.
“ഞാനിപ്പ തന്നെ ആ അമ്മിണ്യേച്ചീടോട്ന്ന് തൈര് വാങ്ങി വരാം ട്ടാ. രണ്ട്,മൂന്ന് ലെഗ് പീസും ലേശം ബിരിയാണിയും എനിക്ക് മാറ്റി വെച്ചോ, ഇനി ഞാനിത് വാങ്ങി വരുമ്പോളേക്കും അതും തീരണ്ട ,പണ്ടാരം”
എന്ന് പറഞ്ഞ് ലേശം ആട്ടത്തോടെ ബെന്നി ബൈക്കിന്റെ അടുത്തേയ്ക്ക് പാത്രവും എടുത്ത് ചെന്നു. അഞ്ച് പെഗ് ഉള്ളില്‍ ഉള്ളതൊണ്ടാണൊ എന്ന് സംശയം, ബൈക്കിന്റെ കീ അതിന്റെ ഹൊളില്‍ ഇട്ട് ഇതിരിക്കാന് ബെന്നി കഷ്ടിച്ച് അഞ്ചാറ് മിനിറ്റ് എടുത്തു.
“എന്താ പറ്റീത് പണ്ടാരം, ഹോള്‍ ചെറുതായാ?”
എന്നൊരു ഡയലോഗ് തന്റെ ആത്മവിശ്വാസത്തെ ഊട്ടിയുറപ്പിക്കാനായി കൂട്ടിച്ചേര്ക്കേം ചെയ്തു.
അമ്മിണി ചേച്ചിടെ വീട്ടീന്ന് തൈരും വാങ്ങി കത്തിച്ച് വണ്ടി കത്തിച്ച് സ്റ്റാര്‍ട്ട് ചെയ്തപ്പോളാണ് ബെന്നി ആ കാഴ്ച കണ്ടത് . ഒരു പടുകൂറ്റന്‍ എരുമയെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്നു. ബെന്നിയുടെയും എരുമയുടേയും കണ്ണുകള്‍ ഏറ്റുമുട്ടി. പഴയ സിനിമളില്‍ അച്ചന്‍കുഞ്ഞിന്റെയും, കറുത്ത സുന്ദരി സൂര്യയുടെയും കണ്ണുകള്‍ റേപ്പ് സീനില്‍ മാറിമാറി സ്ക്രീനില്‍ തെളിയുന്നത് പോലെ ഉള്ള രംഗം. എരുമയുടെ “മേ....” എന്ന നിലവിളി “അയ്യോ..അങ്ങുന്നേ...എന്നെ ഒന്നും ചെയ്യല്ലേ” എന്ന് ട്രാന്‍സ്ലേറ്റ് ചെയ്ത് ബെന്നി കേട്ടു. റൊഡാഷിലെ ചവിട്ട് പരീക്ഷിക്കാന്‍ പറ്റിയ ഒരു ഇര ഇതാ വീണു കിട്ടി(കെട്ടി)യിരിക്കുന്നു. ബെന്നിയുടെ മുഖത്ത റോഡ്റാഷിലെ ഒറ്റക്കണന്‍ ഡ്രൈവറുടെ ക്രൂരമായ പുഞ്ചിരി വിരിഞ്ഞു. ഒട്ടും ആലോച്ചില്ല, ആക്സിലേറ്ററ് മാക്സിമത്തിലാക്കി ബൈക്ക് പെടപ്പിച്ച് പറത്തി ചെന്ന് ബെന്നി മലപോലെയുള്ള ആ എരുമയുടെ പള്ളയ്ക്കിട്ട് ഒരു ചവിട്ട് ചവിട്ടി. ഏതോ കൊച്ച് കുടിച്ചതിന് ശേഷം കാറിന് പുറത്തേയ്ക്കെറിഞ്ഞ മാങ്കോ-ഫ്രൂട്ടീടെ പായ്ക്കറ്റ് ട്രാന്‍സ്പോറ്ട്ട് ബസ്സിന്റെ ബോഡിയില്‍ തട്ടി ശേ.. എന്നൊരു ശബ്ദത്തോടെ തെറിച്ച് പോണത് പോല ബൈക്കും ബെന്നിയും പറന്ന് വന്ന് വീണത് അമ്മിണി ചേച്ചീടെ മൂത്തമകള്‍ രമയ്ക്ക് വീടുപണിയ്ക്കായി പറമ്പില്‍ കൂട്ടിയിട്ടിരിക്കണ മെറ്റലുംകൂട്ടത്തിന്റെ പുറത്തായിരുന്നു. ദൈവസഹായം കൊണ്ട് ബൈക്കിന് ഒരുചുക്കും സഭവിച്ചില്ല. പക്ഷേ ബെന്നീടെ ശരീരം ആകെ നാളികേരം ചെരകിയ പോലെ ആയി. തലയില്‍ ഒരു പൊട്ടല്‍. എഴുന്നേല്ക്കാന് ശ്രമിച്ച ബെന്നി തൊട്ടടുത്തായി വീടുപണിയ്ക്ക് തറയെടുക്കാന്‍ ചെളി കുഴച്ചതില്‍ വീണത് ഫിറ്റായത് കൊണ്ടല്ല എന്നത് പരമാര്‍ത്ഥം മാത്രം. എഴുന്നേല്ക്കാന് ശ്രമിച്ച് വീണ്ടും പരാജയം അടഞ്ഞപ്പോള്‍ മുങ്ങുന്ന കപ്പലിലില്‍ നിന്ന് “എസ്.ഓ.എസ്” സന്ദേശം കമ്പിയില്ലാക്കമ്പിയായി പോണത് പോലെ ബെന്നിയും നീട്ടി നിലവിളിച്ചു “അയ്യോ...രക്ഷിക്കണേ”
ഈ ശബ്ദം കേട്ടാണ് തന്റെ സ്ഥിരം പണിയായ വെറുതേയിരിപ്പ് ഉപേക്ഷിച്ച് അമ്മിണി ചേച്ചീടെ അയല്‍വാസികൂടിയായ വാവച്ചന് കര്‍മ്മനിരതനായത്. പറമ്പിലെത്തിയ വാവച്ചന് ഞെട്ടിപ്പൊയി ഉച്ചനേരവും , ഉള്ളിലെ പെഗും കാരണം തെറ്റിയിലെ മുറിവില്‍ നിന്ന് ചോര ചീറ്റി ഒഴുകുന്നു. കുറ്റം പറയരുതല്ലോ, തന്റെ തോളിലെ ചോന്ന തൊര്‍ത്തെടുത്ത് ബെന്നിയുടെ തലയ്ക്ക് കെട്ടിയതും , ഉന്തിത്താങ്ങി ചെക്കനെ പണി നടക്കുന്നിടത്ത് സിമെന്റിറക്കാന് വന്ന പെട്ടി ഓട്ടോയില്‍ കയറ്റി അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിലെത്തിച്ചതും വാവച്ചനായിരുന്നു. ബെന്നിയെ സ്ട്രെക്ചറില്‍ കേറ്റി നെഴ്സുമാര്‍ ഓടി മറഞ്ഞു.
“ക്യാഷില്ലാതെ ഇവിടെ ഒരു പരിപാടീം ഇല്ലല്ലെ?”
എന്ന് കാഷ്വാലിറ്റി എന്ന് മലയാളത്തില്‍ എഴുതിയ ബോറ്ഡിനെ നൊക്കി വാവച്ചന് പരിഹസിച്ചു. ഒറ്റരുപാ കോയിന് ഇട്ട് ബെന്നിയുടെ വീട്ടിലേയ്ക്ക് വാവച്ചന് ഫോണ്‍ ചെയ്തു. വീടുപാര്‍ക്കലിന്റെ തിരക്ക് കാരണം എല്ലാരും ബിസി ആയതിനാല്‍ ഫോണെടുത്തത് ബെന്നിയുടെ എഴുപത് വയസ്സ് കഴിഞ്ഞ വല്യമ്മച്ചി ആയിരുന്നു. വാവച്ചന് വിവരണം തുടങ്ങി.
“ഹലോ, ആ.. വല്യമ്മച്ചിയാണൊ? ഞാന്‍ വാവച്ചനാ അമ്മച്ചീ. പൌലോസില്ലെ അവ്ടെ. ഓ തെരക്കാണോ, ആ സാരല്യ. ഒരു വിവരം പറയാനാ വിളിച്ചേ. മ്മ്ടെ ബെന്നിയ്ക്ക് അക്സിഡെന്റ് പറ്റീ. ആ അവന് ബൈക്കീന്ന് വീണു. ഇപ്പോള്‍ ആശുപത്രിലാ. വല്യ കുഴപ്പൊന്നും ഇല്ല. ഞാന്‍ ചെന്ന് നൊക്കുമ്പോ അമ്മിണീടെ പറമ്പില്‍ വീണി കെടക്കണു. ഗള..ഗളേന്ന് ചോര ചീറ്റ്യങ്ങട് ഒഴുകാരുന്നു. തലയാകെ പൊട്ടി നാശായി. മെറ്റല്‍ കഷ്ണം അഞ്ചാറെണ്ണമെങ്കിലും തലച്ചോറില്‍ കുത്തിക്കയറിക്കാണണം. മേലാസകലം ബാക്കിയില്ല. എന്ത് പറയാനാ ന്റെ വല്യമ്മച്ചി ചുരുക്കി പറഞ്ഞാ മ്മ്ടെ ചെക്കന് ആകെ അടിച്ച് തീട്ടായീന്ന് പറഞ്ഞാ മതീല്ലോ. ബാക്കി കിട്ടാണാവോ കര്‍ത്താവെ”
ഠിം..
വാവച്ചന്റെ ഫോണ്‍ ക്രാഡിലിലും, വല്യമ്മച്ചി കടപ്പവിരിച്ച പുത്തന്‍ നിലത്തും വീണത് ഒരു മിച്ചായിരുന്നു.
ബെന്നിയുടെ വീട്ടീന്ന് ആളെ കാത്ത് നിന്ന വാവച്ചന് മുന്നില്‍ ചീറി പാഞ്ഞ് ഒരു ജീപ്പ് വന്നു നിന്നു.
അതില്‍നിന്ന് ബെന്നിയുടെ അമ്മയും,അമ്മാവനും ഒക്കെ വല്യമ്മച്ചിയെ താങ്ങിപ്പിടിച്ച് ഇറക്കണ് കണ്ട് വാവച്ചന് ഞെട്ടി. നെറ്റിയില്‍ മൂന്ന് തുന്നിക്കെട്ടും ആയി കാഷ്വാലിറ്റിയില്‍ നിന്ന് പുറത്തിറങ്ങിയ ബെന്നി വീട്ടുകാരെ കണ്ട് അന്താളിച്ച് നില്ക്കുമ്പളേയ്ക്കും ബെന്നിയെ കൊണ്ട് പോയ അതേ സ്ട്രക്ചറില്‍ വല്യമ്മച്ചിയേയും കൊണ്ട് നെഴ്സുമാര്‍ വീണ്ടും ഓടിമറഞ്ഞു.
സംഗതി എന്തായാലും ഒരേ ആംബുലന്‍സില്‍ ബെന്നിയേയും, മരിച്ച വെല്യമ്മച്ചിയെയും വീട്ടിലേയ്ക്ക് കൊണ്ട് പോരാന്‍ കഴിഞ്ഞു. വീടുപാര്പ്പിന് അടുത്ത ബന്ധുക്കള്‍ വന്നിരുന്നത് കൊണ്ട് മരിച്ചറിയിപ്പിന് അതികം കെടന്ന് ഓടേണ്ടി വന്നില്ല. പക്ഷേ പാവം ബെന്നിയ്ക്ക് കച്ചംബറില്ലാതെ രാത്രി ബിരിയാണി തിന്നേണ്ടി വന്നു. ആ കൊലപാതകത്തിന്റെ രഹസ്യം അറിയാവുന്നത് ആകെ വാവച്ചനും, ടെലഫോണിലും പിന്നെ ആ ഒറ്റരൂപാകോയിനും മാത്രം. അങ്ങിനെ ബെന്നിയുടെ ബൈക്ക് ആക്സിഡെന്റായി ഒരാള്‍ മരിച്ചു, അതും സ്വന്തം വല്യമ്മച്ചി.
Subscribe to:
Post Comments (Atom)
14 comments:
അജ്ഞാതന്റെ ആദ്യത്തെ പോസ്റ്റ്.
പര്‍വ്വതീകരണം എന്നൊരു സംഭവം ഇല്ലേ? അതായത് കുന്നിക്കുരുവിനോളം പോന്ന ഒരു കാര്യത്തെ ഡൈനസോറിനെ പോലെ വര്‍ണ്ണിക്കണ ചിലരുണ്ട്. വേറേ പ്രത്യേകിച്ചൊരു കുഴപ്പവും ഇല്ലെങ്കിലും വാവച്ചന്റെ ആകെയുള്ള ഒരു കുഴപ്പം ഇതായിരുന്നു. ദൈവം സഹായിച്ച് വാവച്ചന് ഒരു പണിയ്ക്കും പോകില്ല. പകരം ഭാര്യ കൊച്ചന്ന കൂലിപ്പണിയെടുത്ത് വാവച്ചനേയും തങ്കക്കുടം പോലെയുള്ള രണ്ട് കൊച്ചുങ്ങളേയും പുലര്‍ത്തി പോന്നു. പ്രത്യേകിച്ച് ദുശീലംസ് ലൈക് കള്‍സ്, കഞ്ചാവ്, ബീഡി,പരസ്ത്രീ ഗമനം എന്നീ ഐറ്റംസ് ഒന്നും ഇല്ലാത്തതിനാല്‍ കൊച്ചന്ന ചേച്ചിയ്ക്ക് വാവച്ചനെ കൊണ്ട് വേറേ ഒരു ദൂഷ്യവും ഇല്ല. പണിയെടുക്കില്ല, പിന്നെ കുഴിയാനയെ കണ്ടാല്‍ കൊലകൊമ്പനാന ആണെന്ന് പറയും അത്രെയേ ഉള്ളോ.
പക്ഷേ “പറഞ്ഞ് ആളെ കൊല്ലിക്കും” എന്ന് കേട്ടിട്ടുണ്ടോ? ഇല്ലേ? എങ്കില്‍ കേള്‍ക്കൂ
കൊള്ളാം. നന്നായിട്ടുണ്ട്.
കലക്കീട്ടുണ്ട്. ബൂലോകത്തിലേക്കു സ്വാഗതം
ഉം....പത്തൊമ്പതുകാരനായ അജ്ഞാതാ...
സംഗതി കൊള്ളാം....
ഒരു സ്വാഗതം ഇരിക്കട്ടെ....
പണിക്ക് പോയാല്‍ അച്ചന് ചീത്ത പറയും എന്ന വളിപ്പുമടിച്ച് കലുങ്കില്‍ ഇരിക്കുന്ന എന്റെ സ്വന്തം
ഗ്യാങിനെ ഓര്‍ത്തുപോയി വാവച്ചനെ വിവരിച്ച് കേട്ടപ്പോള്‍....
ആദ്യകുറിപ്പ് കൊള്ളാം.
ബൂലോകത്തേക്ക് സ്വാഗതം.
ആദ്യ പോസ്റ്റ് നന്നായി,
സ്വാഗതം.
ആദ്യത്തെ പോസ്റ്റ് കിടിലനായി അജ്ഞാതാ.
ചാത്തനേറ്: എന്തായാലും അജ്ഞാതന്‍ എന്നാപ്പിന്നെ ഞരമ്പ് രോഗികളെ ഒന്ന് സന്തോഷിപ്പിക്കാനായി “അജ്ഞാത“ എന്നാക്കിക്കൂടാരുന്നോ? വയസ്സും നന്നായി ചേര്‍ന്നേനെ :)
അതോ ഇനി അജ്ഞാത പുറകേ വരുമോ?
സ്വാഗതം... നല്ലപോസ്റ്റ് ...
Dandy
കുതിരവട്ടന്‍ :: kuthiravattan
sandoz
അഞ്ചല്കാരന്
ഇടിവാള്‍
ദില്ബാസുരന്
കുട്ടിച്ചാത്തന്
ഈ പോസ്റ്റ് വയിച്ചതിലും അഭിപ്രായങ്ങള്‍ അറിയിച്ചതിലും നന്ദി രേഖപ്പെടുത്തുന്നു
ഒരു പടുകൂറ്റന്‍ എരുമയെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്നു. ബെന്നിയുടെയും എരുമയുടേയും കണ്ണുകള്‍ ഏറ്റുമുട്ടി. പഴയ സിനിമളില്‍ അച്ചന്‍കുഞ്ഞിന്റെയും, കറുത്ത സുന്ദരി സൂര്യയുടെയും കണ്ണുകള്‍ റേപ്പ് സീനില്‍ മാറിമാറി സ്ക്രീനില്‍ തെളിയുന്നത് പോലെ ഉള്ള രംഗം. എരുമയുടെ “മേ....” എന്ന നിലവിളി “അയ്യോ..അങ്ങുന്നേ...എന്നെ ഒന്നും ചെയ്യല്ലേ” എന്ന് ട്രാന്‍സ്ലേറ്റ് ചെയ്ത് ബെന്നി കേട്ടു. റൊഡാഷിലെ ചവിട്ട് പരീക്ഷിക്കാന്‍ പറ്റിയ ഒരു ഇര ഇതാ വീണു കിട്ടി(കെട്ടി)യിരിക്കുന്നു. ബെന്നിയുടെ മുഖത്ത റോഡ്റാഷിലെ ഒറ്റക്കണന്‍ ഡ്രൈവറുടെ ക്രൂരമായ പുഞ്ചിരി വിരിഞ്ഞു.
രസായിട്ടുണ്ടല്ലോ പുതിയതൊന്നും ഇല്ലെ?
നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍
:)
അജ്ഞാതോാാാാ....... ഒരു പോസ്റ്റും ഇട്ട് മുങ്ങിയോ? പുത്യതൊന്നും ഇല്ലേ?
അത് കലക്കീണ്ട് ഗഡീ,ചിരിച്ചു രസിച്ചു...തുടര്‍ന്നും പോന്നോട്ടെ..ആശംസകള്‍.വിശാലന് ശേഷം ഏറെ രസിച്ച പോസ്റ്റ്.
സജിത്, ദ്രൌപതി, കുതിരവട്ടന്‍, പാപ്പരാസി നന്ദി.
പുതിയത് പോസ്റ്റാം. ഇടയ്ക്ക് ചിലത് kallu-shap.blogspot.com -ല്‍ ഇട്ടിരുന്നു.
Post a Comment